Tuesday, October 14, 2014

കൊച്ചി തുറമുഖത്തിന്‍റെ തകര്‍ച്ച

കൊച്ചി തുറമുഖത്തിന്‍റെ ആപ്പീസ് പൂട്ടുമോ?

കാണുന്ന കാഴ്ചകളും കേള്‍ക്കുന്ന വാര്‍ത്തകളും അങ്ങനെയെല്ലാമാകുന്നു.

ഇപ്പോള്‍ തുറമുഖത്ത് പഴയ പോലെ ചരക്കു കപ്പലുകള്‍ കാണുന്നില്ല.

നങ്കൂരമിട്ടു കിടക്കുന്ന യാത്രാകപ്പലുകളുടെ മനോഹര ദൃശ്യങ്ങളുമില്ല.

പണ്ടിവിടെ എഴായിരത്തോളം തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു.

അതിപ്പോള്‍ രണ്ടായിരമായി ചുരുങ്ങിയിരിക്കുന്നു.

ഇതിനിയും കുറയുമെന്ന് പറയുന്നു.

ഉള്ളവര്‍ക്ക് ശമ്പളം കൊടുക്കാന്‍ തുറമുഖ വകുപ്പ് കഷ്ടപ്പെടുന്നു

അതുകൊണ്ട് വിത്തെടുത്തു കുത്തുന്നു.

കണ്ണായ സ്ഥലങ്ങള്‍ പാട്ടത്തിനു വില്‍ക്കുന്നു

യന്ത്രസാമഗ്രികളും വില്‍ക്കുന്നു.

പ്രവര്‍ത്തന നഷ്ടം രേഖപ്പെടുത്തുന്ന മേജര്‍ തുറമുഖങ്ങളിലൊന്നായി

കൊച്ചി തുറമുഖം മാറിക്കഴിഞ്ഞു.

നഷ്ടത്തിന്‍റെ കണക്ക് ഓരോ ദിവസം കഴിയുന്തോറും കൂടി കൊണ്ടിരിക്കുന്നു.

തുറുമുഖ വികസനം ലക്ഷ്യമാക്കി തുടങ്ങിയ

രാജീവ് ഗാന്ധി ടെര്‍മിനലിന്‍റെ അവസ്ഥയും ഇതു തന്നെ.

ഉദ്ദേശിച്ച ഒരു ഫലവും ഈ പദ്ധതി കൊണ്ടുണ്ടായിട്ടില്ല.

വലിയ ഷിപ്പുകളൊന്നും ടെര്‍മിനലില്‍ വരുന്നില്ല.

കൂടാതെ പൊരിഞ്ഞ തൊഴില്‍ തര്‍ക്കങ്ങള്‍

ഏല്ലാം തളര്‍ത്തുന്ന വിധത്തില്‍ വര്‍ദ്ധിക്കുന്നു.

ദുബായ് പോര്‍ട്ടുകാര്‍ ഇതുപേക്ഷിച്ചു പോകുമെന്നും കേള്‍ക്കുന്നു.

കപ്പല്‍ച്ചാലിന്‍റെ ആഴം കൂട്ടുന്ന പണി തുറുമുഖ വകുപ്പ് ഇപ്പഴും ചെയ്യുന്നു.

അതനുസരിച്ച് കടത്തിന്‍റെ ആഴവും വര്‍ദ്ധിക്കുന്നു

എന്നല്ലാതെ വേറെ മെച്ചമൊന്നുമില്ല

കൊച്ചി തുറമുഖം സ്ഥിതി ചെയ്യുന്ന

വില്ലിംങ്ങടണ്‍ ഐലന്‍ഡ്‌ ഇന്നു ശ്മശാന മൂകമാണ്.

ഒരു കാലത്തിവിടെ പ്രാവുകളടക്കം ഒരുപാട് കിളികളുണ്ടായിരുന്നു.

വരാത്ത കപ്പലുകളെ പ്രതി, വരാത്ത ചരക്കു ലോറികളെ

പ്രതി അവയെല്ലാം നാടുവിട്ടിരിക്കുന്നു.

പകരം കുറെ ചാവാലി പട്ടികള്‍ വിജനമായ തെരുവുകളില്‍ അലയുന്നു.

പറഞ്ഞാല്‍ വിശ്വസിക്കില്ല,

ഈ ഐലന്‍ഡിലെ ടെലഫോണ്‍ എക്സേഞ്ചായിരുന്നു

ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള എക്സേഞ്ച്.

അതു കാടുപിടിച്ച് അവിടെ കിടപ്പുണ്ട്.

തുറുമുഖം സംരക്ഷിക്കണമെന്നും പറഞ്ഞുള്ള

തൊഴിലാളി യൂണിയനുകളുടെ അനിശ്ചിത കാല റിലേ നിരാഹാരസമരം തുടരുന്നു.

(യൂണിയനുകള്‍ രാഷ്ട്രീയ യജമാനന്മാരുടെ ഏറാന്‍മൂളികളാണന്ന കാര്യം വേറെ)

എന്നിട്ടും ഇന്ത്യാ ഗവര്‍മെന്‍റെനങ്ങുന്നില്ല.

(എങ്ങനെ അനങ്ങും? സ്വന്തം തടിയുടെ മിനുപ്പ്

സൂക്ഷിക്കുക എന്നതാണല്ലോ ദര്‍ബാറിലിരിക്കും

ഇരുപതെണ്ണത്തിന്‍റെ പണി.)

ലോകത്തിലെ ഒരു തുറമുഖത്തിനുമില്ലാത്ത പ്രത്യേകത

കൊച്ചി തുറമുഖത്തിനുണ്ട്.

അതു പ്രകൃതി ദത്തമാണന്നുമാത്രമല്ല

കൂടുതല്‍ മൂല്യമുള്ള അപൂര്‍വ്വമായ ചരക്കുകള്‍ കൈകാര്യം ചെയ്യുന്നു എന്നതുമാണ്‌.

ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍

നല്ലതുപോലെ വിളയുന്ന കേരളത്തില്‍

കയര്‍ കശുവണ്ടി തേയില ചെമ്മീനടക്കമുള്ള മത്സ്യ സമ്പത്തുകളുമുണ്ട്

ലോക കമ്പോളത്തില്‍ നല്ല വില കിട്ടുന്ന ഇവക്ക് എന്നും ആവശ്യക്കാരുണ്ട്.

സുഗന്ധവ്യഞ്ജനങ്ങളുടെ മണം പിടിച്ചാണല്ലോ

പുരാതന കാലം മുതല്‍ പായക്കപ്പലുകള്‍

മറ്റു ലോകങ്ങളില്‍ നിന്നും ഇവിടെ വന്നത്.

കേന്ദ്ര ഗവര്‍മെന്റിന് ശതകോടിക്കണക്കിനു ലാഭം ഈ തുറമുഖം വഴി കിട്ടിയിട്ടുണ്ട്.

സ്വാതന്ത്ര്യപൂര്‍വ്വ കാലത്ത് തിരുവിതാംകൂര്‍രാജ്യത്തിന്‍റെ

വലിയ വരുമാന മാര്‍ഗ്ഗം ഇതായിരുന്നു.

ആ വരുമാനം കൊണ്ട് ഒരു പാട് വികസന പ്രവര്‍ത്തനങ്ങള്‍ അവര്‍ നടത്തിയിരുന്നു.

FACTയുംTCCയുമടക്കമുള്ള വന്‍കിട കമ്പനികള്‍ അന്നവര്‍ സ്ഥാപിച്ചു.

കൂടാതെ കോളേജുകളടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങളും.

അന്ന്‍ കേരളത്തിന്‍റെ കാര്‍ഷിക മേഖലയില്‍ നിന്നും കിട്ടുന്ന ലാഭം

വ്യവസായ വികസനത്തിനു വേണ്ടി ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നു.

ഇതിന്‍റെ തുടര്‍ച്ച അതേപടി ഇവിടെ ഉണ്ടായിരുന്നുവെങ്കില്‍

കേരളം ലോകത്തിലെ സമ്പന്നമായ പ്രദേശങ്ങളിലൊന്നായി മാറിയേനെ.

സ്വാതന്ത്ര്യത്തിനു ശേഷം അതിനുളള ബുദ്ധികൂര്‍മ്മതയോ

രാഷ്ട്രീയ ഇച്ഛാശക്തിയോ കേരളത്തിലുള്ളവര്‍ക്ക് ഉണ്ടായില്ല എന്നതാണു വാസ്തവം.

ആ അവസ്ഥ ഇന്നും തുടരുന്നു.

എങ്കിലും അന്ന്‍ തന്നെ മത്തായി മാഞ്ഞുരാനും കൂട്ടരും

ആ വഴിക്ക് ജനങ്ങളെ മുന്നോട്ട് കൊണ്ടു പോകാനുള്ള രാഷ്ട്രീയ ശ്രമങ്ങള്‍ നടത്തിയിരുന്നു.

അവരന്നു സ്ഥാപിച്ച കേരള സോഷിലിസ്റ്റ് പാര്‍ട്ടി(KSP)ക്ക് അധികം വളരാന്‍ സാധിച്ചില്ല.

തകഴി ശിവശങ്കരപ്പിള്ളയടക്കം പല പ്രമുഖരും ആ പാര്‍ട്ടിയിലുണ്ടായിരുന്നു.

"കേരളത്തിന്‍റെ സമ്പത്ത് കേരളത്തിന്‍റെ വികസനത്തിന്" എന്ന

പ്രധാനപ്പെട്ട രാഷ്ട്രീയ പ്രയോഗത്തെക്കാള്‍ കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളിലും

അതിന്‍റെ വിപ്ലവ മുദ്രാവാക്യങ്ങളിലുമായിരുന്നു ജനങ്ങള്‍ക്കു താല്പര്യം.

ചെങ്കോട്ടയില്‍ ചെങ്കൊടി ഉയര്‍ത്താനുള്ള

ആ പോക്ക് ഇന്നെവിടം വരെയെത്തിയെന്ന്‍ എല്ലാവര്‍ക്കും അറിയാം.

അതിന്‍റെ മോഹവലയത്തില്‍ പെട്ട് ഒരു വിധമായവരാണ് ഇന്നുവിടെയുള്ളവര്‍.

കേരളത്തിന്‍റ അതിപ്രധാനമായ ഈ സ്ഥാപനം നശിക്കുമ്പഴും

അതിനെതിരെ ബഹുജന പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരാത്തത് ഇതുകൊണ്ടായിരിക്കാം.

അറിവിനേക്കാള്‍ അറിവുകേടുള്ളവരായി ഇവിടെയുള്ളവര്‍ ഇങ്ങനെ മാറിയാല്‍

വരും തലമുറക്ക് ഇവിടെ ജീവിക്കാന്‍ പറ്റാതാകും.

അതുകൊണ്ട് കൊച്ചി തുറമുഖത്തിന്‍റെ തകര്‍ച്ച കേരളത്തിന്‍റെ തകര്‍ച്ചമാത്രമല്ല

ലോകമെങ്ങുമുള്ള ഓരോ മലയാളികളുടേയും തകര്‍ച്ചയാണ്.

ആ നിലയില്‍ ഇതിനെ കാണേണ്ടതാണ്.ഉപലംഭം.

(സംഘടിക്കുക ശക്തരാകുക-ശ്രീനാരായണഗുരു.)                                      നശിച്ച ഗുദാം

                                    നിരാഹരിക്കല്‍
                                     കപ്പലില്ലാ കപ്പല്‍ത്തട്ട്
                                      ചാവാലി പട്ടിയും മട്ടാഞ്ചേരി വാര്‍ഫും

എറണാകുളം വാര്‍ഫിന്‍റെ അവസ്ഥ

കാട് പിടിച്ച റയില്‍വേ സ്റ്റേഷന്‍പുരാവസ്തു വകുപ്പിനും വേണ്ട.