Friday, August 06, 2010

ദിവാസ്വപ്നങ്ങളുടെ സ്വയംവരകാലം

പ്രപഞ്ച വിസ്മയത്തിലെ

പ്രകാശഗോപുരങ്ങളിടിഞ്ഞുവീണ

ഒരു ദിവാസ്വപ്നത്തിലെ

സൂരൃഗ്രഹണം.

പരശതം ദുരിതങ്ങളുടെ

പെരുംകടത്തിൽ മുങ്ങി

ചീഞ്ഞളിഞ്ഞ നഗരത്തിലൂടെ

ഒരു പട്ടിണിയാത്ര.

വാക്കും പ്രവർത്തിയും തമ്മിൽ

പൊരുത്തം നഷ്ടപ്പെട്ട

എന്റെ കർമ്മങ്ങൾക്ക്

ശിക്ഷയായന്നുകിട്ടി

ഏതോ വധൂടിയായ

വയസ്സിത്തള്ളയുടെ

ദൈന്യംനിറഞ്ഞ

കടക്കണ്ണുകൊണ്ടുള്ള

കടന്നൽക്കുത്ത്.

എന്നും പൊറുക്കാത്ത

മാരകമായ മുറിവ്.

പെട്ടെന്നൊരു പെടുമരണത്തിൻ

ചാവുവിളിയാൻ

ഭാഗ്യനരയില്ലാത്ത

എന്റെ തലക്കുമുകളിൽക്കൂടി

ടിപ്പർ ലോറി പോലെ

പാഞ്ഞുപോയി.

പേടിയുടെ ഗർത്തത്തിൽ വീണ്

ചോരവാർന്ന ഞാൻ

ബോധമില്ലാതെ

ആംബുലൻസിൽ കിടന്ന്

ആതുരാലയത്തിലെത്തി.

ദയാമരണത്തിനു

സൗജന്യ ചികിത്സ കിട്ടുന്ന

മയക്കുമുറിയിൽ ഞാനകപ്പെട്ടു.

കളിയും ചിരിയും മാറാത്ത

കുവലയമിഴിമാർ

പിഴച്ചുപെറ്റ ചാപിള്ളകളെ

റോസാച്ചെടിക്കു വളമാക്കും

ഗൂഢസംഘം

മുഖംമൂടി വച്ചെന്റെ

വൃക്കമോഷ്ടിച്ചു.

നരകത്തിൽ വാഴും

നക്രതുണ്ടിപ്പരിഷകൾ

വാപിളർത്തി.

സ്വർഗത്തിലെന്റെ

ജീമുതവാഹനം ജീർണ്ണിച്ചു.

ആശ്വാസമില്ലാതെ

ശ്വാസനാളത്തിലും കരിപിടിച്ചു.

ഭൂമിയിലപ്പഴും

ഏതോ മണ്ണറയിൽ

അദൃശ്യജീവികൾ

വേട്ടനായ്ക്കളെപ്പോലെ

എന്റെ വരവുംകാത്ത്

വിശന്നുകരഞ്ഞു.

ഇനി നല്ലകാഴ്ച്ചകൾ കാണാൻ

യോഗമില്ലാതെ

താനെ അടഞ്ഞുപോകുന്ന

എന്റെ കണ്ണ്

പടുമുത്തശ്ശനായ

അന്ധമഹാരാജാവിനോട്

ദയതോന്നി

ഏതെങ്കിലും കുരുടവംശചനു

ദാനം നല്കാം.

പാഴ്ത്തടിയായി വളർന്നു മുറ്റി

പൂതലിച്ച ശരീരം

പുനർജന്മം ഉണ്ടോയെന്നു പരീക്ഷിക്കാൻ

മെഡിക്കൽ കോളേജിലെ

ഭിഷഗ്വരന്മാർക്ക്

വെറുതെ കൊടുക്കാം.

ശേഷം

മുഴക്കമുള്ള വാക്കുകളുടെ

വെടിപൊട്ടിച്ച്

തലക്കല്ലിളക്കി

വീണ്ടും കാണാനാഗ്രഹിക്കുന്ന

ദിവാസ്വപ്‌നത്തിന്റെ തിരുനടയിൽ

സ്വയം ബലിയർപ്പിക്കാം.

പറക്കുന്ന മലയുടെ പുറത്തിരുന്ന്

ചെകുത്താന്റെ പള്ളിയിൽ പോയി

മുട്ടുകുത്താം.