Sunday, July 03, 2011

തെരുവുഗീതം

നീയാണാദ്യം
മൂത്തു മുറുകിയ
മൂക്കുകയര്‍ പൊട്ടിച്ച്
മുഴുവട്ടില്‍
പുറത്തുവന്നത്.
ഞാനാണാദ്യം
പലവഴി നോക്കി
ഒരു വഴിയുമില്ലാതെ
പെരുവഴിയില്‍
പതുങ്ങി നിന്നത്.
പിന്നെയാണു നാം
പട്ടികളെപ്പോലെ
മണത്ത് മണത്ത്
ഉമ്മവച്ച്
അകം പുറം തിരിഞ്ഞ്
പെണ കൂടിയത്.
അങ്ങനെയാണുനാം
മുട്ടന്‍ വടിക്കു
നല്ല കൊട്ടുകൊണ്ട്
ഇടിവണ്ടിയില്‍ക്കയറി
ലോകം ചുറ്റിയത്.
ഈ നാടിന്റെ
കിടപ്പറിഞ്ഞത്.
എന്നിട്ടും
പ്രേമത്തില്‍ നിന്നു മാത്രം
നാം പേടിച്ചു പിന്മാറിയില്ല.
ഭീരുക്കളായി ജീവിച്ചില്ല.
പ്രകൃതി നിയമം തെറ്റിച്ചില്ല.
ദേ..വീണ്ടും നമ്മള്‍
അതേ തെരുവിന്റെ തീരത്ത്
ഇളകിമറിഞ്ഞ് വരുന്ന
ജനക്കൂട്ടങ്ങള്‍ക്കിടയില്‍
ഒരുമ്പെട്ടവരായി
രണ്ടും കല്‍പ്പിച്ച്
പതുങ്ങിത്തന്നെ
വന്നു നില്‍ക്കുന്നു.
ഇനി നീ മത്സ്യഗന്ധി.
ഞാന്‍ മഹാമുനി.
ഉയരട്ടെ! മായയില്‍
അതീതകാലമേഘങ്ങള്‍ തീര്‍ത്ത
സ്വര്‍ഗ്ഗത്തിന്‍ മറപ്പുര.
രമിക്കട്ടെ
സര്‍ഗ്ഗകാമനകള്‍
പുനരപി പ്രത്യക്ഷപ്പെടട്ടെ
നിന്റെയുദരത്തില്‍ ചിരംജീവി.
വിജയിക്കട്ടെ
ഭാരതധര ഇനിയും
കരയാതിരിക്കട്ടെ!



1 comment:

anas peral said...

nalla post

samayam pole ee site visit cheyyamo?
http://www.appooppanthaadi.com/