Thursday, June 10, 2010

അന്ധതാമിസ്രം



സൂക്ഷ്മപ്രപഞ്ചത്തിൻ സൂചിമുനയിൽ
ജീവനാം ബുദ്ബുദം തങ്ങിനില്പ്പു.
പാരിനെ പൊള്ളിക്കും ധൂമകേതുക്കൾ
ആകാശവാതിലിൽ വന്നുമുട്ടി.
പൊട്ടിത്തെറിക്കുന്നു ഭൂകമ്പനാഭി
മണ്ണിലെ രാക്ഷസ തീത്തിരയിൽ
ഇന്നു കാണുന്നവർ നാളെ വാഴില്ല
നാളെയോ മറ്റൊരു രക്തസാക്ഷി.
എന്നിട്ടും പ്രേമത്തിനുദ്ദാമകേളി
നമ്മിൽ കൊടുങ്കാറ്റായാഞ്ഞു വീശി.
ഗര്‍ത്തങ്ങളൊന്നായി ചാടിനാമോടി
രക്തനക്തഞ്ചരർ വാപിളര്‍ത്തി.
മിഥ്യയാം സ്‌നഹത്തെ സത്യത്തിലാഴ്ത്തി
സത്യത്തെക്കീറിപ്പറിച്ചുനാം നോക്കി.
കാര്യങ്ങളങ്ങനെ ആധിയായ് മാറി
ചുറ്റും അറുകൊല വാര്‍ത്തകളിൽ.
പത്മവ്യൂഹങ്ങളെ വീണ്ടുമൊരുക്കി
കാലമൊ കൊടുവാളുമായി നിന്നു.
ആടുന്നകുതിര മരക്കുതിര
അശ്വമേധത്തിനു പോകയില്ല.
കെട്ടിപ്പുണരേണ്ട ധീരമാം ശക്തി
പിത്തലാട്ടത്തിൽ തകര്‍ന്നുപോയി.
എങ്കില്‍നാം മാറേണ്ട നേരമാകുന്നു
നെഞ്ചകം കീറുന്ന വേദനയിൽ
എങ്ങനെയെങ്ങനെയെന്നുനീ ചൊല്ലി
അങ്ങനെയങ്ങനെയെന്നുഞാനും.