Sunday, July 18, 2010

മൊബൈൽകിളികൾ


ഉറക്കത്തിൽ വന്നു
മൊബൈൽ ഫോണിൽ
ഒരു കുർക്കം വലി.
പിന്നെയൊരു കള്ളച്ചിരി.
ഞെക്കുവിളക്കായ
ബട്ടണുകളമർത്തി.
ചവുക്കാളംമാറ്റി.
കണ്ടൂ....
കാമുകിയുടെ
കാക്കകുളി.
വീണ്ടും വന്നു
ഇന്റർനെറ്റിലെ
ഇരുട്ടുമുറിയിൽ നിന്നും
എസ്സെമ്മസിന്റെ
കുണ്ടനിടവഴികേറി
കോരിത്തരിപ്പിക്കുന്ന
ഒരു ചാതകപക്ഷി.
ആ പക്ഷിക്കുമുണ്ട്
പഞ്ചാരവാക്കിന്റെ
പരിമളത്തിൽ
ചെല്ലപ്പേരുകൾ
കൊഞ്ചിപ്പറയുന്ന,
പ്രേമപ്പനിയിൽ
തുള്ളിച്ചാടുന്ന
ചില ചുറ്റിക്കളി.
ബൈക്കിന്റെ പിറകിൽ
മുഖംമൂടിവച്ച്
തുറിച്ചുനോട്ടക്കാരുടെ
കണ്ണുവെട്ടിച്ച്
പരക്കംപായുന്ന മരണക്കളി.
പിന്നെയും വന്നു
നിദ്രയുടെ
നിടിലമ്പോധത്തെ
തകിടം മറിച്ച്
നിഷ്‌കളങ്കയായ
നല്ലപാതിയെ
സന്ത്രാസത്തിലാഴ്ത്തി
സംശയരോഗത്തിൻ
സംഗീതമായി
ഒരു മിസ്‌കോൾ.
അതോടെ
അന്തരീക്ഷത്തിൽ
ചുരമാന്തിനിന്ന
നിരാകാരസത്വങ്ങൾ
കൊടിയ കലാപത്തിൻ
കമ്പിത്തിരികത്തിച്ച്
റോന്തുചുറ്റുന്ന
റോങ് നമ്പറായി
മാറിമറിഞ്ഞു.
റേഞ്ചു നഷ്ടപെട്ട
അവിദ്ധബന്ധത്തിൻ
തേങ്ങിക്കരച്ചിൽ
ആക്ടിവേഷന്റെ
നിലാവലയിൽ കുരുങ്ങി
രാക്കിളികളുടെ
ചിറകടിയായി.
എന്നിട്ടും
വിട്ടുമാറാത്ത
തലവേദന പോലെ
അവകാശം പറഞ്ഞ്
അവസാനം വന്നു.
കുത്തിപ്പാട്ടുപാടി
ജന്മപാപം തീർക്കുന്ന
കാക്കകുയിലിന്റെ
തല തരിക്കുന്ന
ഒരു 'റിങ്‌ടോൺ.
അതിലുണ്ടായിരുന്നു
കുട്ടിച്ചാത്തന്മാരുടെ
സാമ്രാജൃസേവയിൽ
ചെവിക്കല്ലിന്റെ പൂട്ടുതകർത്ത്
ബധിരയുഗത്തിൻ
പൊൻപുലരിയെ
വരവേല്ക്കുന്ന
ക്ലോണിങ്ങ് മനുഷൃന്റെ
ആദ്യത്തെ കൂക്കൂവിളി.
പരലോകത്തിൽ
പറന്നുചെന്നു
നാഴികമണിമീട്ടുന്ന
മൊബൈൽക്കിളികളുടെ
ഉണർത്തു പാട്ട്.