Friday, March 25, 2011

കമ്പടിക്കമ്പടി

വലിയവായില്‍
വെടിക്കെട്ടുള്ള
വാഗ്ദാനങ്ങള്‍ വാരിക്കോരി
പൊതുകടത്തിന്റെ 
പുകമഞ്ഞ് കൂട്ടി കൂട്ടി
കട്ടുതിന്നുന്ന രാജ്യങ്ങളുടെ
കമ്പടി മത്സരത്തില്‍
നിങ്ങളൊന്നാമതെത്തുന്നു.
ഞങ്ങളതു കണ്ടുകണ്ടിരിക്കുന്നു.
അന്തഃരംഗം അഭിമാനപൂരിതമാകുന്നു.
മുലതരുന്ന മൂലധനശക്തി
നിങ്ങളെയെന്നും 
മുതലപ്പുറത്തിരുത്തുന്നു.
എവിടെയും നിങ്ങള്‍
മുങ്ങാംകുഴിയിട്ടു പൊങ്ങുന്നു.
മൂവര്‍ണ്ണക്കൊടിയില്‍പ്പൊതിഞ്ഞ്
പലതും നിങ്ങള്‍ വാങ്ങുന്നു.
ഭൂമിഭാരതത്തിന്‍
മൂലക്കല്ലും പറിച്ചുകൊടുക്കുന്നു.
ഇനി നിങ്ങള്‍
ഉള്ളവന്റെ വാങ്ങല്‍ കൂട്ടി കൂട്ടി
ഇല്ലാത്തവന്റെ വായില്‍ വെള്ളം നിറക്കും.
ഏഴാംകപ്പല്‍പ്പടയെ അതിലിട്ടോടിക്കും.
നിലവിളികളെ പെരുപ്പിക്കും.
നിലനില്‍പ്പ് ഇല്ലാതാക്കും.
അപ്പോള്‍ ആണിയടിച്ചുവെച്ച
ആണവനിലയങ്ങള്‍‌‌‌
അമിട്ടുപോലെ പൊട്ടുമെന്ന ഭീതിപൊന്തും.
അശനിപാതങ്ങള്‍ ആരംഭിക്കും.
വിത്തുകാളകള്‍ ചാകും.
വാളുതമ്പ്രാക്കള്‍ വീണ്ടും പ്രത്യക്ഷപ്പെടും.
മനസ്സുകള്‍ മാലിന്യവണ്ടിയാകും.
കരകയറാനാകാത്ത ആഴങ്ങള്‍ തെളിയും.
അതോടെ പഞ്ചഭൂതങ്ങള്‍ക്കും കലിയിളകും.
സ്ഥാവരങ്ങള്‍ പടക്കുതിരകളായി പറന്നു വരും.
മഹാജലധിയില്‍ മാലിന്യങ്ങള്‍ കഴുകപ്പെടും.
ശേഷം ഒരു കുഞ്ഞുമാത്രം ആലിലയില്‍ കിടക്കും.
അതിനുമുമ്പ്,
ഞങ്ങള്‍ പാവങ്ങള്‍..ഗതിയില്ലാത്തവര്‍
നിങ്ങളുടെ കളികണ്ട് മടുത്ത്
വേറൊരു വഴിയുമില്ലാതെ
അഭയം തേടുന്നതു പോലെ
നിങ്ങളുടെ കാലില്‍ത്തന്നെ കെട്ടിവീഴും.
ഒരു കടുംകെട്ടിടും.
എന്തിനാണെന്നോ..
നിങ്ങള്‍ ഞങ്ങളെപ്പറ്റിച്ച്
മറ്റൊരു ഗ്രഹത്തിലേക്ക് രക്ഷപെടാതിരിക്കാന്‍.
അവിടെയും മോശമാക്കാതിരിക്കാന്‍‌!