കരിമഴ പെയ്യും നഗരവനത്തിൽ
തെന്നുന്ന നിരത്തിൽ
വായുവേഗത്തിൽ ബൈക്കോടിച്ച്
പലവിചാരത്തിൽ പതിവുയാത്ര.
കുഴപ്പം പിടിച്ച ജീവിതത്തിന്റെ
രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കാനുള്ള
മഹായജ്ഞം.
കാളക്കൂറ്റന്മാരായ ലോറിയേയും
ബസ്സിനേയും വെട്ടിച്ചൊരുനീക്കം.
പെട്രോളിന്റേയും ഡീസലിന്റേയും
കട്ടിപ്പുകയിൽ കണ്ണുകാണാതെ
തൃക്കണ്ണുതുറന്നു നോട്ടം.
പക്ഷികളെപ്പോലെ
പറക്കുന്ന മനുഷ്യരെ ചിലപ്പോൾ
ഉള്ളിൽ വിചാരിച്ച്
ജീവിച്ചിരിക്കുന്ന നിമിഷങ്ങളെ
ഉൽക്കണ്ടയുടെ
കൊടുവാളുകൊണ്ട് വെട്ടിപിളർത്തി
മുറുകുന്ന വേഗതയിൽ ബൈക്കുമായി
ആകാശത്തേക്കു താനെയുള്ള
പൊങ്ങിപറക്കൽ.
കൃഷ്ണ പരുന്തായി
അംബരചുംബികൾക്കുമേൽ
വട്ടപ്പാലം ചുറ്റി
ഭൂമിയെന്ന മഹാൽഭുതത്തെ
മാറിനിന്നുകണ്ട്
ശൂന്യതയുടെ നീരാഴിയിൽ
മലക്കം മറിഞ്ഞ്
അവസാനമൊരു തലകുത്തി വീഴ്ച.
ആ വീഴ്ചയിലറിയാം
എത്ര ഉയരത്തിലായാലും
കരകയറാനാകാത്ത
താഴ്ചയിലേക്കുതന്നെ പതിക്കേണ്ട
നിസാരനായ മർത്യന്റെ
അജ്ഞാതമായ തലവിധി.
പ്രാണന്റെ നിലവിളി.