മഴയൊരു കുതിരയാണ്
പറക്കും കുതിര.
കാടുകത്തിയ കരിമേഘത്തിൽ നിന്നും
വെന്തമണ്ണിന്റെ വിജനതയിലേക്ക്
പടഹമായതിറങ്ങിവരുമ്പോൾ
അടുക്കു തെറ്റിയ ഓർമ്മയിൽ നിന്നും
പ്രിയമുള്ളവരുടെ ചിത്രം മാത്രം
ഞാൻ തിരഞ്ഞെടുക്കും.
വിനോദിനിയുടെ വിസ്മയമായ നുണക്കുഴിയും
റോസിലിന്റെ പാമ്പിഴയുന്ന മുടിത്തണ്ടും
ഹേമയുടെ ചടുലമായ അംഗചലനങ്ങളും
മേരിക്കുട്ടിയുടെ സ്നേഹമസൃണമായ പുഞ്ചിരിയും
ഒക്കെയെന്നെ ലഹരിയിലാഴ്ത്തും.
തേയിലക്കാട്ടിലകപ്പെട്ടതുപോലെ
ഞാൻ കുളിരണിയും.
വരുവാനുള്ള നല്ല കാലമോർത്ത്
പൂക്കാത്ത വൈദ്യുത വൃക്ഷങ്ങളിൽ
കരയുന്ന വേഴാമ്പലായി ഞാൻ കാത്തിരിക്കും.
അതാ കാലമേഘങ്ങളുടെ
കാണാക്കയങ്ങളിൽ നിന്നും
പൊരിവെയിലിന്റെ തീപ്പൊയ്കയിലേക്ക്
കുളമ്പടിച്ചെത്തുന്ന മോഹമഴയുടെ
അന്ധമായ പ്രണയാരവം
കിനാവിന്റെ കൂടാരങ്ങളിൽ
തപ്പുകൊട്ടിപാടുന്ന
യുവമിഥുനങ്ങൾക്കതുല്ലാസ കാലമായി
ഉന്മാദതാളമായി
നാളെയീ മണ്ണിലേക്കു വീണൊലിക്കും.
വികാരങ്ങൾ വിശ്വവിമാനങ്ങളായി
ഇരമ്പിമറിയുന്നയിരുണ്ട ചക്രവാളത്തിലൂടെ
കാലദേശങ്ങൾ താണ്ടുന്ന
കവിതയ്ക്കു കരുത്തായി
പലതുള്ളിയായി
പെരുവെള്ളമായി
ഒരു തീരാദാഹമായെന്റെ
സ്വപ്നമഴയായി.