Thursday, April 14, 2011

കൊന്നമരം

 
(ഈ കര്‍ണ്ണികാരം എറണാകുളം ലോട്ടസ് റോഡില്‍)
വാഹനപ്പെരുമഴ ആര്‍ത്തലക്കും
നഗരഗര്‍ത്തത്തില്‍
മഞ്ഞവര്‍ണ്ണപ്രഭയുടെ
മഹാര്‍ണ്ണവമൊരുക്കി
പൂത്തുമദിച്ചു കണിക്കൊന്നമരം.
പകലുമുഴുവന്‍ വാതോരാതെ
പ്രകൃതിയോട് കളിപറയുന്ന കിളികുലം
ചേക്കയേറാതെ നമിച്ചു പോകുന്ന
ആ വിശുദ്ധവൃക്ഷത്തിനു ചോട്ടില്‍
പൊറുതിമുട്ടിയ ജീവിതത്തിന്‍
ഭാരവണ്ടി വലിച്ചു നിര്‍ത്തി
ഞാനല്പ നേരം അസ്തഃപ്രജ്ഞനായി.
സ്വര്‍ണ്ണമുകുളങ്ങളായി പൊട്ടിവിടരുന്ന പൂവിതള്‍മേനി
കൈകുമ്പിളില്‍ കൈനീട്ടമായി വാങ്ങി
ഞാന്‍ വലിയ പണക്കാരാനായി.
യദുകുല കാംബോജി മൂളുന്ന ചെല്ലക്കാറ്റില്‍
ഓടക്കുഴലൂതുന്ന കരിമാടിക്കുട്ടന്റെ വാങ്മയചിത്രം
മനസ്സിലെ വെള്ളിത്തിരയില്‍
ഭ്രമകല്‍പ്പനയായി മിന്നിത്തെളിഞ്ഞു.
നല്ലകാലം വന്നു നട തുറക്കുമെന്ന പ്രതീക്ഷയില്‍
ഓര്‍മ്മയുടെ പല്ലക്കിലേറി
പഴം പുരാണങ്ങളുടെ ഭ്രമണ പഥത്തില്‍ ഞാനൂരു ചുറ്റി.
പെട്ടെന്ന് ഉള്ളിലൊരു വെളിപാടിന്‍ വെള്ളിടി വെട്ടി.
ദിഗന്തങ്ങള്‍ നടുങ്ങി.
പടഹങ്ങള്‍ പൊങ്ങി.
ഭൂമിക്കടിയില്‍
തുരംഗത്തിനുള്ളില്‍
ആദിമൂലത്തിന്‍ അല്‍ഭുതകണങ്ങള്‍
കൂട്ടിമുട്ടുന്നപോലെ
കൃഷ്ണദ്വൈപായന്റെ പൊട്ടിച്ചിരി മുഴങ്ങി.
കൊന്നമരത്തിന്റെ ചില്ലകളിലത്
കൊടുംകാറ്റായ് കൂടുവച്ചു.
പൂക്കളുടെ അതിവൃഷ്ടിയില്‍ ഞാന്‍ നനഞ്ഞു.
സ്വന്തം വംശവൃക്ഷത്തെ തിരിച്ചറിയും
ഉജ്ജ്വല മുഹൂര്‍ത്തമായി.
അപാരമായ അനുഭൂതിയുടെ
സൌന്ദര്യ ലഹരിയില്‍
ഞാന്‍ മതിമയങ്ങി.
ഉള്ളിന്റെയുള്ളിലെ
ഉരുവങ്ങളെല്ലാം 
ഉഡുമണ്ഡപം പോലെ
ഉരുകിത്തിളച്ചു.
മൂനരചുറ്റുള്ള നാഗത്താനുണര്‍ന്നു.
ഇനിയെനിക്ക് എന്റെ പേരിലെ
പരുപരുത്ത സെമിറ്റിക്ക് ശിലകളില്‍ പണിഞ്ഞ
പ്രച്ഛന്ന മതത്തെ പാടേ ഉപേക്ഷിക്കാം.
പകരം മുക്കോടി ദൈവങ്ങളുടെ കളിത്തൊട്ടിയില്‍
ഒരു പൊടിക്കുഞ്ഞായി കിടന്ന്
വസുധൈക കുടുംബത്തിന്‍
വാത്സല്ല്യം നുണയാം.