Wednesday, September 21, 2011

ഒറ്റശ്വാസം

ഝടുതിയില്‍ വന്ന മാറ്റങ്ങളുടെ മഹാമാരിയില്‍
ഒലിച്ചുപോയ ജന്മനാടിന്റെ പഴയ കിടപ്പുകാണാന്‍,
കണ്ടാലറിയാത്ത ആളുകളുടെ വണ്ടപ്പരപ്പില്‍ മുങ്ങി,
ഒരു പരിചയക്കാരന്റെ ചിരിപോലും കാണാതെ,
ഏതെങ്കിലും അംബരചുംബിയായ കെട്ടിടത്തിന്റെ
കൊടുമുടിയിലേക്കുകയറി,
നഗരപ്പടര്‍പ്പുകളെ വിസ്തരിച്ചൊന്നുനോക്കി,
യന്ത്രമനുഷ്യരുടെ കൂക്കുവിളികേട്ട്,
മുള്ളന്‍പന്നിയും ഈനാംപേച്ചിയും മരപ്പട്ടിയും
ഇപ്പഴുമീ നിലങ്ങളില്‍ വാഴുന്നുവെന്ന് വിശ്വസിച്ച്,
അന്തരീക്ഷത്തിന്റെ അകതാര് തുറന്ന്,
അപ്പൂപ്പന്‍താടിയായി അലഞ്ഞു പറന്ന്,
ആകാശം ഒടിഞ്ഞു വീണിരുന്ന
ഒഴിഞ്ഞ പറമ്പുകളില്‍ച്ചെന്നോടിച്ചിട്ട് കളിച്ച്,
മലയാളം പാടി പഠിച്ച
മാടത്തക്കിളികളോട് സല്ലപിച്ച്,
പഴുത്ത പൂച്ചപ്പഴം തിന്ന്,
കമ്യൂണിസ്റ്റ് പച്ചക്കാട്ടില്‍
ഒളിച്ചിരുന്ന്,
അമ്മയുടെ വിളികേള്‍ക്കാതെ
ആമ പിടുത്തക്കാരുടെ കൂടെ നടന്ന്,
അപ്പന്റെ തല്ലുകൊണ്ട്,
കുളംതേവുന്ന ഉത്സവത്തില്‍ പങ്കെടുത്ത്,
വല്ലക്കൊട്ട നിറയെ മീന്‍പിടിച്ച്,
കാക്കക്കും പൂച്ചക്കും പട്ടിക്കും പങ്കുകൊടുത്ത്,
ബ് രാലും കറൂപ്പും മുഴിയും വറുത്ത് പൊരിച്ച്,
വയറ് പൊട്ടിച്ച് ഒരു കലം ചോറ് തിന്ന്,
കീറപ്പാവിരിച്ച് ഇരുട്ടത്ത് കിടന്ന്,
പുള്ളിന്റെ വിളികേട്ട്,
നത്തിന്റെ ചിരികേട്ട്,
കള്ളന്റെ വരവോര്‍ത്ത്
ഉറങ്ങാതുറങ്ങി,
സ്വപ്നത്തില്‍ ദുര്‍മന്ത്രവാദം
ഓന്തിന്റെ വാലില്‍ തീകൊളുത്തി
സര്‍പ്പക്കാട്ടിലേക്കോടുന്ന കണ്ട്
തൂറപ്പേടിയില്‍ ഞരങ്ങി ഞരങ്ങി
നേരം വെളുക്കെ
കോഴിയെ കൊണ്ടുപോയ കുറുക്കന്റെ വാര്‍ത്ത കേട്ട്,
ഇറമണ്ണിലിറങ്ങി കുഴിയാനക്കൂട്ടത്തെ
തീപ്പെട്ടിക്കൂട്ടിലാക്കി
കോരികുത്തി,
ഓലപങ്ക കറക്കി,
പാളവണ്ടിയില്‍ കേറി പാരാവാരം ചുറ്റി,
പിച്ചവച്ച് പിച്ചവച്ച് പിറകോട്ട് നടന്ന്,
പടിപതിനെട്ടുമിറങ്ങി,
ഓര്‍മ്മയുടെ അറ്റത്തെത്തി
‘ഌ‘ പോലെ അറം പറ്റി,
അണുക്കളുടെ ലോകത്തേക്കു ചുരുങ്ങി,
ഗര്‍ഭഗൃഹത്തിലേക്കു മടങ്ങി,
ഉദ്ധാരണത്തിലൊടുങ്ങി
ഉള്ളിന്‍റെ ഉള്ളറയിലടങ്ങി
വീണ്ടും വാക്കിന്‍റെ വിത്തായി
ഒന്നു കൂടി ജനിക്കാന്‍
ഈ ഒറ്റ വരി മാത്രം.
ഒറ്റ ശ്വാസം മാത്രം.

4 comments:

ajeeshmathew karukayil said...

നഷ്ടപ്പെട്ട് പോകുന്നവയെ ഓര്‍ത്ത്‌ ഒരു വിങ്ങല്‍ അല്ലെ .
നന്നായിരിക്കുന്നു .

Murali K Menon said...

ഒറ്റശ്വാസത്തില്‍ നമ്മുടെ തലമുറകളിലൂടെ കടന്നുപോയി.
തുടര്‍ശ്വാസങ്ങളില്‍ നടക്കാന്‍ പോകുന്ന സ്ഫോടനങ്ങള്‍ക്കായ് കാതോര്‍ത്തുകൊണ്ട്

T.R.GEORGE said...

അതെ.നന്ദി.രണ്ടു പേര്‍ക്കും.

പൊട്ടന്‍ said...

നല്ല സംരംഭം