Thursday, September 02, 2010

ദേവത


തെരുവെന്ന നദിയിൽ
ജീവിതപ്പാതയിൽ
ഭൂലോകരറിയാതെ
എന്റെ കയൽക്കണ്ണിയായി
നിന്റെ സഞ്ചാരം.
നീ സ്‌നേഹത്തിന്റെ
ഒരു ഭൂകമ്പത്തിരമാല.
കാർമേഘം കനിഞ്ഞ്
ഞാൻ കാണുന്ന
പകൽ സ്വപ്നത്തിന്
അതിലിന്നു പുണ്യാഹം.
ഇനി നീ രാത്രിയെ പകലാക്കുന്ന
പക്ഷി പിടുത്തത്തിനിറങ്ങുന്ന
എന്റെ മാന്ത്രിക ഭാവന.
കാട്ടുകോഴികൾ ചേക്കയേറുന്ന
ഹരിണങ്ങൾ നീരാടുന്ന
വാഹനത്തുറകളിൽ
നീ പ്രത്യക്ഷപ്പെടാനായി
എന്റെ കൊടും തപസ്സ്.
വാക്കുകളുടെ വജ്രപ്പശയിൽ
നിനക്കു ചാർത്താൻ
എന്റെ വക
രത്‌നഖചിതമായ മുക്കുത്തി.
തുറുമുഖ സന്നിധാനത്തിലെ
വഴിവിളക്കുകൾ അതിനു സാക്ഷി.
ഇനിയെനിക്ക്
നിന്റെ ചിത്രപ്പണിയുള്ള
സാരിത്തുമ്പിൽ
മധുരസല്ലാപം കഴിഞ്ഞ്
മനം തുടക്കണം.
നിന്റെ തിരിച്ചറിയൽ കാർഡിൽ
എന്റെ പേരു ചേർക്കണം.
കാലത്തിനു പറയാൻ
അതിലൊരു കടംങ്കഥയും.
എങ്കിലും നീ ചൂടുന്ന
ശംഖുപുഷ്പത്തിന്റെ ചുണ്ടിൽ
ഇന്ദ്രനീലം തുളുമ്പുന്ന
ഒരു മന്ദഹാസം മറഞ്ഞിരിക്കുന്നു.
അതാരും കാണാതെ
നീ ഹൃദയത്തിൽ സൂക്ഷിക്കുന്ന
നിഗൂഢമായ വൻകര.
അതു കണ്ടുപിടിക്കാനുള്ള വാശിയിൽ
അതിഭീകരമായ
നഗരപടഹങ്ങളിലേക്ക്
ഇരുചക്രവാഹനത്തിൽ
അശ്വഹൃദയം മറന്ന്
ഞാൻ പാഞ്ഞുകേറുമ്പോൾ
ദൂരെ...ചൂളം കുത്തിപ്പായുന്ന
ഏതോ ആകാശകപ്പലിന്റെ
അണിയത്തിരുന്ന്
നീയെനിക്കു നേരെ
കൈവീശി ചിരിക്കുന്നു.
എന്റെ രക്ഷയുടെ മന്ത്രം
നീ ചൊല്ലുന്നു.


ദേവത