Wednesday, January 26, 2011

തത്സമയം(ഗായിക ഉഷാഉതുപ്പിനുവേണ്ടി)

ഭൂമിമലയാളത്തിൻ വൈകുണ്ഡവാപി
അനന്തപുരിയെ അതിശയിപ്പിച്ചുകൊണ്ട്
പുരുഷമേധയുള്ള ഒരാപാരശബ്ദം
സംഗീതത്തിലെ നവരസങ്ങൾ വിടർത്തി
മൈതാനത്തെ ജനക്കൂട്ടങ്ങളെ ഇളക്കിമറിച്ച്
മലമുഴക്കിവേഴാമ്പലായി മദിച്ചു പാടുന്നു.
രംഭാഹൊ ...ഹൊ...ഹൊ...
വാദ്യോപകരണങ്ങൾ നൽകുന്ന താളക്കൊടുമയിൽ
കൊള്ളപിടിച്ച തീമഴയിൽ
ആദിമ ജീവന്റെ ശാരീരം പൊട്ടിമുളക്കുന്ന
ഒരുജ്ജ്വല മുഹൂർത്തം വരുന്നു.
ലോകത്തിന്റെ കാതുകളായ ദിഗന്തങ്ങളിൽക്കൂടി
നാദശലാകകൾ വാനമ്പാടികളായി പറന്ന്
ദേവഗംഗയെ വിണ്ണിൽനിന്നും
മണ്ണിലേക്ക് വീണ്ടും ആവാഹിക്കുന്നു.
ജീമൂതവാഹനത്തിൻ തേരൊലി മുഴങ്ങുന്നു.
മനം മയക്കുന്ന ഗാനത്തിൻ തിരമാലകളിൽ
ജനക്കൂട്ടങ്ങൾ മുങ്ങിപൊങ്ങുമ്പോൾ
നിന്റെ ശബ്ദത്തിൻ ദിഗംബരമൂർച്ച
ചരാചര സ്നേഹമെന്ന ദിവ്യത പരത്തുന്നു.
ഗായികമാരിലെ അനന്യതയായി
അതു ഭൂതലങ്ങളെ പുണരുന്നു.