Wednesday, July 14, 2010

പ്രണയം



മുല്ലപ്പൂങ്കൂല മുടിയിൽ ചൂടി
മന്ദാരച്ചിരി കവിളിൽ ചാർത്തി
മലനാടിന്റെ മാന്മിഴിയായി
എന്റെ കിനാവിൽ നിന്റെ പ്രതിഷ്ഠ.
നിന്റെ ശരീര സുഗന്ധം തേടും
താപസനായി ഞാനിനിമാറും.
ആനപന്തിക്കപ്പുറമൊരുനാൾ
നീ കാന്തക്കല്ലായെന്നെ വിളിക്കും.
ഉള്ളിടിവെട്ടി പെയ്യും കാമന
തുഷ്ടിപഥങ്ങൾ കണ്ടുമയങ്ങും.
മൃത്യുംജ്ജയമാം സ്‌നേഹവിശുദ്ധി
ജീമൂതങ്ങളെ നിശ്ചലമാക്കും.
തൈജഹവ്യൂഹ സമുദ്രം താണ്ടി
യാത്രകൾ പോകാൻ ഹൃദയം വെമ്പും.
വത്സലഭാവദർശനഭംഗി
കാവ്യനഭസിൽ ചാരുതയാകും.
നിന്റെ മനസ്സിൻ താഴ്‌വാരത്തിൽ
എന്റെ പതംഗം മേഞ്ഞു നടക്കും.
നന്മനിറഞ്ഞ ശാദ്വലഭൂമി
എന്നും പ്രണയം കൊണ്ടുകറങ്ങും.