Saturday, May 14, 2011

ഇഷ്ടദാനം

ഭീതിതം മഹാനഗരത്തിൻ കൊടുംങ്കാട്ടിൽ
പൂപ്പലുപിടിച്ച പട്ടുമെത്തയില്‍
നിന്റെ സനാതന സനേഹത്തിനാത്മ ബലി.
പര്‍വ്വതമുകുളമായ മുലകളിലും
തെച്ചിപ്പഴച്ചുണ്ടിലും
എന്റെ പരാക്രമം നിറഞ്ഞ
പല്‍ചക്രത്തിന്‍ തേരോട്ടം.
ഹാ..എത്ര വിശുദ്ധമായിരുന്നു
കുയിലുകള്‍ കൂകുന്ന കുഗ്രാമത്തിലെ
പേരാലുപോലെ വിടര്‍ന്ന നിന്നരക്കെട്ട്.
ഒരറ്റനിമിഷത്തെ പെരുമീന്‍ ചാട്ടത്തില്‍
വെട്ടിയിട്ട അഭിമാനത്തിന്‍ പാഴ്ത്തടിപോലെ
അന്നത് തുണ്ടം തുണ്ടമായി.
എന്നിട്ടും നീദേഷ്യപ്പെട്ടില്ല.
പൊട്ടിത്തെറിച്ചില്ല.
സത്രഭിത്തിയിലെ അശ്ലീല ചിത്രത്തിനു
അടിക്കുറിപ്പെഴുതാന്‍
ശുദ്ധസാഹിത്യത്തിലെ നരച്ചവരികള്‍
ഞാന്‍ കടമെടുക്കുന്നത്
നീ വെറുതെ നോക്കി കിടന്നു.
പുറത്ത് പുണ്ണുപിടിച്ച തെരുവില്‍
നൂറു കോടിയും കവിഞ്ഞ സങ്കരജനപഥം
വലിയൊരു മലിന നദിയായി
ബഹളം വച്ചൊഴുകുന്നത്
നീ ഭീതിയോടെ കേട്ടിരുന്നു.
പിന്നെ നാം നിമിത്തങ്ങളുടെ നിധിപേടകം
ഹൃദയത്തില്‍ രഹസ്യമായി സൂക്ഷിച്ച്
എനിക്കു നീയും നിനക്കു ഞാനുമെന്ന
അദ്വൈത ഭാവത്തില്‍
നേരത്തെയുദിച്ച നിലാവിനെ സാക്ഷിയാക്കി
സന്ധ്യയുടെ അന്തഃരാളഘട്ടത്തില്‍ പോയ് മറഞ്ഞു.
...................................................................................
ഓര്‍മ്മകളുടെ വിരലു കുടിക്കുന്ന
പിഞ്ചുമനസ്ക്കരായി നാമിപ്പോള്‍
ഏതോ വേലിയേറ്റത്തിന്‍ ചേറ്റുമലരികളില്‍പെട്ട്
വീണ്ടുമൊരുമിക്കാന്‍ വെറുതെ ശ്രമിക്കുന്നു.
മരവിക്കുന്ന ശൂന്യതയുടെ മടുപ്പില്‍ നിന്നും
രക്ഷപെടാന്‍ നോക്കുന്നു.

No comments: