Sunday, July 11, 2010

പുഷ്പാഞ്ജലി


എത്രകണ്ടാലും മതിവരാത്ത
കറുത്ത സുന്ദരിമാർക്കുവേണ്ടി
അവരുടെ ശാലീന ഭാവത്തിലെ
ഏഴഴകിനുവേണ്ടി
ഈ കാവ്യക്ഷേത്രത്തില്‍
ഒരു പുഷ്പാഞ്ജലി.
ഏതുനേരവും
വാക്കുകളുടെ
വാതില്‍ തുറന്ന്
വാനമ്പാടികള്‍
എണ്ണനിറമുള്ള
പെൺകൊടിമാരെത്തേടി
എന്നില്‍ നിന്നും പുറപ്പെടുന്നു.
അവരുടെ കണ്ണുകളിലെ
കിനാവള്ളിയില്‍ കണ്ണുനട്ട്
മയക്കുവെടിയേറ്റ്
കുഴഞ്ഞ ഭാവനയായി
അവ എന്നിലേക്കുതന്നെ
പ്രകാശവേഗതയില്‍
തിരിച്ചുവരുന്നു.
കഠിനവ്രതത്തിന്‍
കാരുണ്യത്തിലപ്പോള്‍
കവിത വിരിയുന്നു.
അതിന്റെ ശുദ്ധിയിലാകുന്നു
കപിജ്ജിലി പക്ഷി പാടുന്ന
ഗന്ധമാദന പർവ്വതങ്ങള്‍
എല്ലാവരുടേയും
ശൃംഗാരത്തിന്റെ താഴ്‌വാരങ്ങള്‍
മനസെന്ന ഭൂഖണ്ഡത്തില്‍
പുതിയതായി തെളിഞ്ഞുവരുന്നത്.
അതിനാല്‍ പ്രിയ സുന്ദരിമാരെ
ഈ വന്യമായ പ്രണയത്തിന്‍
സൗരോർജ്ജം കുടിച്ച്
ഭൂമിയില്‍ കെട്ടുപോയ
നന്മയുടെ വഴിവിളക്കെല്ലാം
വീണ്ടും നിങ്ങള്‍ കത്തിച്ചുവയ്ക്കുക.
കല്പാന്തകാലം പ്രകാശിക്കുക.





No comments: