Sunday, July 25, 2010
കവി
കരിവണ്ടാണു കവി.
സ്ഥിരചിത്തനല്ല
ഒരു പൂവിൽ നിന്നും
മറുപൂവിലേക്ക്
മധുവുണ്ടശേഷം
കുതികൊണ്ടുപായും
കൊതിമൂത്തവൻ.
മസ്തകം പിളർന്നവൻ.
പണ്ടേ മരിച്ച
ഉഢുപഞ്ചരത്തിലെ
പ്രേതവെളിച്ചത്തെ
ഉഗ്രഭാവനയുടെ
തുറികണ്ണുരുട്ടി
ശരിയായ ദിശയില്‍
ഇന്നുകാണുന്നവൻ.
പൂനിലാവിൻ
പാലുകുടിക്കുന്നവൻ.
രാത്രിഞ്ചരന്‍.
ഉറുമ്പുവരിവയ്ക്കുന്നതുപോലെ
വാക്കുകളുടെ വരിനിരത്തി
ക്രാന്തദർശിയായി
കാലഗണന തെറ്റിക്കുന്നവൻ.
ഉള്ളകാര്യങ്ങൾ
വല്ലാതെ പെരുപ്പിച്ചുകാട്ടി
ആരേയും ദുഖഃത്തിലാഴ്ത്തി
പടുപാട്ടു പാടുന്നവൻ.
പാരമ്പര്യമായി
പരിഭ്രാന്തിയുള്ളവൻ.
ചരിത്ര സത്യങ്ങളായി
മണ്ണിൽ മറഞ്ഞു കിടക്കുന്ന
നിധികളെല്ലാം കുഴിച്ചെടുക്കാൻ
ബുദ്ധിരാക്ഷസനായി
കൊഴുനാവു നീട്ടുന്നവൻ.
മധുരക്കിനാവിൻ മഴവില്ലുവിരിയുവാൻ
എന്നും ധ്യാനസ്ഥനാകുന്നവൻ.
മനസ്സിൽ മയിലിൻ
മഴന്യത്തമുള്ളവൻ.
ഇരുളിൻ കൊമ്പനാനപ്പുറത്ത്
തീവെട്ടികളായ
ഇടിവെട്ടുകൾക്കു മുമ്പിൽ
വശീകരണത്തിന്റെ
വെഞ്ചാമരം വീശി
നാടുവാഴിയായി
എഴുന്നുള്ളുന്നവൻ.
പിരിമുറുക്കത്താൽ
പൂമ്പാറ്റകളുടെ
പിമ്പേ പറന്ന്
വളർച്ചയില്ലാത്ത
പ്രകൃതം കാട്ടുന്നവൻ.
ലോകം മുഴുവൻ
സമത്വം വരുവാൻ
കുഴൽക്കി ണറുകൾ
ഹൃദയത്തിലാഴ്ത്തി
പാവങ്ങൾക്കു
ചോര കൊടുക്കുന്നവൻ.
ഗറില്ലയുടെ
ഗരിമയുള്ളവൻ.
ചിലപ്പോൾ വെറും നോക്കുകുത്തി.
സന്തോഷം
സന്താപം
ദയ, കാരുണ്യം
മുതലായ മുതലുകളുടെ
മുതലാളി.
ധർമ്മദേവനായി വാഴുന്നവൻ.
കാലനെ കാവലിരുത്തിയവൻ.
അന്തരീക്ഷമെന്ന
അക്ഷയപാത്രത്തിൽ നിന്നും
ക്ഷുത്തടങ്ങാതെ കാകോളമുണ്ട്
നെട്ടോട്ടമോടുന്നവൻ.
നേരിനുവേണ്ടി ചാകുന്നവൻ.
നെറ്റിക്കണ്ണൻ.
നാളെ
നാശമടയുന്ന ഭൂമിയിലെ
പറക്കുന്ന സ്ഥാവരങ്ങളെ
ഇന്നേ ദഃസ്വപ്നത്തിൽ
കണ്ടുഞെട്ടി
എല്ലാവരേയും രക്ഷപെടുത്താൻ
സിദ്ധാന്തങ്ങളുടെ
പരവതാനി നിർമ്മിക്കുന്നവൻ.
അന്യഗ്രഹത്തിലേക്ക്
സുരക്ഷിതമായി
ഒളിച്ചുകടക്കാൻ
പഴുതുകൾ തേടുന്നവൻ.
അൽഭുതങ്ങൾ നിറഞ്ഞ
അക്ഷരമഹാസമുദ്രത്തിൽ
മുങ്ങിക്കപ്പലായ്മാറി
പ്രണയദാഹത്തിൻ
മരനീരുമോന്തി
ഉന്മത്തനാകുന്നവൻ.
ദിക്പാലകൻ.
ദിഗംബരൻ.
അങ്ങനെ ഓരോ നിമിഷവും
വന്നു നിറയുന്ന
ആത്മനൊമ്പരങ്ങളിൽ
വെന്തുരുകി
സൃഷ്ടിസ്ഥിതിലയ
സംഹാരഭാവത്തിൽ
സർവ്വഞ്ജപീഠം കയറുന്നവൻ.
മൃത്യുജ്ജയൻ.
Labels:photos
കവിത
Subscribe to:
Post Comments (Atom)
1 comment:
Ee kavitha valare ishtappetuu...mattullava vayichittu abhiprayam parayam
Post a Comment