Wednesday, August 18, 2010

തക്ഷകൻ

തക്ഷകൻ(George W Bush ലോകം ഭരിച്ചപ്പോൾഎഴുതിയത്)

ഒരുറുമ്പിനെപ്പോലും
നോവിക്കാതിരുന്ന ഞാൻ
കണ്ണുകാണാത്ത
പല കടുംകൈകളും
ചെയ്യാൻ തുടങ്ങി.
കടിച്ചാൽ പൊട്ടാത്ത
പല കാര്യങ്ങളും
ആലോചിക്കാൻ തുടങ്ങി.
പട്ടാപ്പകൽ
ഇരുണ്ടു തൂങ്ങിയ
മനസെന്ന മാരണവുമായി
ഇരിക്കപ്പൊറുതിയില്ലാതെ
ഉറങ്ങിക്കൊണ്ട്
നടക്കാൻ തുടങ്ങി.
മഞ്ഞുകൊള്ളിക്കാത്ത തല
കീറപ്പുതപ്പായ
ഓസോൺ പാളികൊണ്ടു മൂടി.
മുങ്ങാംകുഴിയിട്ടു കിടന്ന
മൂന്നാം കണ്ണുതുറന്ന്
സകലമാന
ക്ഷുദ്രഗ്രഹങ്ങളേയും നോക്കി.
കാലക്കേടുള്ള
ചൊവ്വാമനുഷ്യനെ കണ്ട്
കാലൻകോഴി കൂകി.
ഞാൻ ലോകത്തെ
നന്നാക്കാനുള്ള
വളഞ്ഞവഴിയെ
എളുപ്പത്തിൽ നടന്നു.
പുഴുവായി വേഷം മാറി
പകവീട്ടുവാൻ കഴിവുള്ള
തക്ഷകനായി ചമഞ്ഞു.
മരിക്കാൻ പേടിയില്ലാത്ത
മനുഷ്യരുടെ കണ്ണിലുണ്ണിയായി
മഹാമേരു പോലെ നിന്നു.
ഇനി പെന്റെഗണിലെ
അന്തകന്മാരുടെ
തലതൊട്ടപ്പൻ
ശ്രീ പെരുംനുണയൻ
പ്രസിഡന്റ് പേടിച്ച് തൂറൂം.
സാമന്തരാജ്യങ്ങൾ
സംഗതി മനസ്സിലാക്കി
സർപ്പയജ്ഞം തുടങ്ങിയാലും
അണുബോംബിന്റെ
കിടപ്പറക്കുള്ളിലേക്കു ഞാൻ
വലിഞ്ഞുകേറും.
ദേഷ്യംകൊണ്ടു ചുവന്നു തുടുക്കും.
പിണഞ്ഞു കൊത്തുന്ന
ന്യായാധിപനായി
പത്തിവിടർത്തും.
താരാകദംബങ്ങളതുകണ്ട്
പൊട്ടിച്ചിരിക്കും.
പാപികളുടെ ഭൂമി
നീതിമാൻമാരുടേതാകും.
ചരിത്രത്തിൽ
ചിരംജീവികൾ
സ്ഥാനം നേടും.



1 comment:

M.R.Anilan -എം. ആര്‍.അനിലന്‍ said...

ഞാന്‍ ലോകത്തെ
നന്നാക്കാനുള്ള
വളഞ്ഞവഴിയെ
എളുപ്പത്തില്‍ നടന്നു.
പുഴുവായി വേഷം മാറി
പകവീട്ടുവാന്‍ കഴിവുള്ള
തക്ഷകനായി ചമഞ്ഞു.
-ഈ ആഗ്രഹമെങ്കിലും നടക്കട്ടെ. ആശംസകൾ!