Wednesday, December 22, 2010

കൈവഴി

ശൂന്യമാം നഭസ്ഥലി;ബോധത്തിന്നാഴക്കയം;
വളരുമപാരത;അടിയിലശാന്തത.
അതിനുമകത്താണു ഓർമ്മയാമന്തർഗുഹ;
അതിലെ പോയാൽ കാണാം കാലമാം പ്രഹേളിക.
അതിനെ നയിക്കുന്നു ജീവനാം മരുപ്പച്ച;
കല്ലിനെ പൊന്നാക്കുന്ന വിദ്യകൾ കാണിക്കുന്നു.
കാവ്യമാം കുണ്ഡലീനം അകമേയുണർത്തുന്നു.
ഏഴിലംപാലപൂക്കും പൗർണ്ണമി നാളുകളിൽ
മാണിക്യനാഗരാജ്ഞി അവിടെ വന്നിറങ്ങും.
വില്ലീസുമെത്തകളിൽ കന്ദർപ്പലീലയാടി
മനസ്സിൻ കൽക്കുളത്തിൽ മുങ്ങിക്കുളിച്ചുപോകും.
ശാപമാം മറവികൾ അവൾക്കും ബാധയാകും
മാണിക്യനാഗരത്‌നം കരയിൽ മിന്നിനിൽക്കും.
നിർധനർ നിരാലംബർ നിദ്രയിലതുകാണും
അന്ധമാമാനന്തത്തിലവരും മുങ്ങിത്താഴും.
താപസൻ കൊക്കറിയും, താരക കണ്ണടക്കും
കള്ളനാം പുള്ളുപാടും ,ചീവീടതേറ്റുപാടും.
രാക്കിളി പാടി വരും രാക്കോഴി കൂകി നോക്കും
കാക്ക കരഞ്ഞെണീക്കും നേരം പുലർന്നുപോകും.
ദു:ഖിതൻ നീലപൊന്മാൻ കുളമീൻ തേടിയെത്തും
മാന്ത്രികൻ കുളക്കോഴി സ്വയം:ഭുവായി മായും.
കാലനാം കാലാവസ്ഥ അതിനും സാക്ഷി നിൽക്കും
പ്രേതപ്രകൃതികാട്ടി പ്രഛന്ന വേഷമിടും.
മോഹമാമാവിഷ്‌കാരം ഇതെല്ലാം കണ്ടുണരും
പ്രാചീന വ്യാധനായി വാക്കിന്റെ വില്ലെടുക്കും.
അമ്പത്തൊന്നക്ഷരാളി ആയിരം നാവു നീട്ടും
സാന്ദ്രമാം സംഗീതത്തിൻ സായൂജ്യം നേടിത്തരും.
സൃഷ്ടിതന്നിന്ദ്രജാലം അങ്ങനെ പൂർണ്ണമാകും
കേകയാം വാനമ്പാടി പിന്നെ പറന്നു പോകും.
ലോകത്തെ വലംവച്ചു വംശത്തിൻ ഗീതി പാടും
ദ്രാവിഢ ദേശത്തിനു ദർശന ദീപ്തിയേകും.


No comments: