എന്തിനും പോന്നവരുടെ ഇടയിൽ
എപ്പഴും തോറ്റുകൊടുത്ത്
അതിൽ മുമ്പനാകുക.
കാലമറിയരുത്,
കൈചൂണ്ടികൾ കാണരുത്,
ജയിച്ചവരുടെ അട്ടഹാസങ്ങൾകേട്ട്
മനക്കട്ടിയില്ലാതെ വളരുക.
വഴിതെളിക്കുന്ന
വിളക്കുമരങ്ങളെ ഊതിക്കെടുത്തി
പ്രയാസങ്ങളുടെ പെരുവെള്ളത്തിൽ
മുങ്ങിത്താഴുക.
ഒരിക്കലും രക്ഷപെടണമെന്ന തോന്നൽ
ഉണ്ടാകാതെ നോക്കുക.
ഏതു നിമിഷവും ഒരപകടം
വളവുതിരിഞ്ഞ് വരുമെന്ന് പ്രതീക്ഷിക്കുക.
പ്രതിവിധിയില്ലാത്ത പ്രശ്നങ്ങൾക്കുമുന്നിൽ
തലകുത്തി നിൽക്കുക.
ഭൂമിയെ വലിയ പാറക്കല്ലായി
തലയിലേക്കുമാറ്റുക.
ചഞ്ചല മേഘങ്ങളെ താഴോട്ട് നോക്കിക്കാണുക.
എന്തിനാണ് ജീവിക്കുന്നതെന്ന ചോദ്യം മാത്രം
ചോദിക്കാതിരിക്കുക.
കൊല്ലാൻ വരുന്നവർക്ക് പാകത്തിൽ
തല താഴ്ത്തിക്കൊടുക്കുക.
ആരോടും മത്സരിക്കാതെ
ഏതെങ്കിലും മൂലക്ക്
അടങ്ങിയൊതുങ്ങിക്കഴിയുക.
സ്വാസ്ഥ്യം നുകരുക.
സ്വപ്നങ്ങൾ കാണാതിരിക്കുക.
No comments:
Post a Comment