ഒരു വശത്ത് അലമുറ കൊള്ളുന്ന സുനാമിക്കടൽ.
മറുവശത്ത് മരങ്ങളെല്ലാം പിഴുതെടുത്ത്
അടിക്കല്ലിളകിയ വന്മലകൾ.
അതിന്നിടയിൽ
തിങ്ങിഞെരുങ്ങി,ശ്വാസം മുട്ടി
മതജാതികളുടെ മൽസരപ്പട.
ഒരു ദിവസം എല്ലാത്തിനും പേയിളകും.
അന്ന് മേഘങ്ങൾക്കും കലിയിളകും.
ഒരു വെടിക്കെട്ടുമഴ ആരംഭിക്കും.
ഒറ്റദിവസം കൊണ്ടു തീരും
ഒരു വർഷത്തെ മഴ.
ആ നേരം അതിനൊപ്പിച്ച്
ഗോകർണ്ണം മുതൽ പാറശാലവരെ
നെടുനീളത്തിൽ മറ്റൊരു തിര വരും.
ആയിരം തലയുള്ള അനന്തന്റെ പത്തിയായതുയരും.
പാപികളുടെ പച്ചിലമണ്ണ് കഴുകപ്പെടും.
മാലിന്യങ്ങൾ നീക്കപ്പെടും.
ശേഷം അന്തരീക്ഷത്തിൽ
ശുദ്ധവായുവിന്റെ പരിമളം അലതല്ലും.
ആളൊഴിഞ്ഞ പറമ്പുകൾ
നോക്കെത്താ ദൂരം പരന്നു കിടക്കും.
ഭൂതകാലം തിരിച്ചുവരും.
മക്കത്തുപോയ ചേരമാൻ പെരുമാൾ മടങ്ങി വരും.
ചേരമലയാളരാജ്യം പുനഃസ്ഥാപിക്കും.
മലഞ്ചരക്കിന്റെ മണം പിടിച്ച്
പുരാതനമായ പായക്കപ്പലുകൾ
അറമ്പിക്കടലിന്റെ ഓളങ്ങളിലമ്മാനമാടും.
നാഗവടിവിൽ പഴയ ജലപാതകൾ പുനർജ്ജനിക്കും.
അടിക്കാട്ടിൽ നിന്നും
ഇടനാടിനെ ചുറ്റി
തീരങ്ങൾ തീണ്ടാനവ പുളഞ്ഞുവരും.
ഞാൻ ദിവസവും വട്ടം കറങ്ങുന്ന പാലാരിവട്ടം
പകൽനരിവട്ടമാകും.
കത്രിക്കടവ് ശത്രുക്കടവാകും.
തൊട്ടപ്പുറത്ത് ജൂതന്മാരുടെ സെമിത്തേരിയിൽ
മരിച്ചവരെ ജീവിപ്പിക്കുന്ന മന്ത്രവാദികളായി
മിന്നാമിനുങ്ങുകൾ വിളക്കുകൾ വയ്ക്കും
പൂച്ചപ്പഴക്കാട്ടിൽ വീണ്ടും കുട്ടിക്കാലം ഒളിച്ചു കളിക്കും.
ഞാൻ പലതും ഓർത്തോർത്ത് കിടക്കും.
ബോധച്ചുഴി കടക്കും.
ഇച്ഛകൾ പൂർത്തീകരിച്ച്
ദുഃസ്വപ്നത്തിലുണരും.
വലിയ ദേശഭ്രാന്തനായി
പന്തുപോലെ കുത്തിച്ചാടും.
പൊക്കം കൊണ്ട് എന്റെ കഴുത്തൊടിച്ച
തെക്കേപ്പറമ്പിലെ ഫ്ളാറ്റിന്റെ
മുകൾപ്പരപ്പിലെത്തും.
അണ്ഡകടാഹത്തെ അവിടെയിരുന്ന്
ഉള്ളു നിറയെ കാണും.
പഴുക്കിലയായ ശരീരത്തെ
കരിയിലയാക്കിയുണക്കും.
അടുത്ത ചുഴലിക്കൊടുങ്കാറ്റിൽ പാറിപ്പറക്കും.
6 comments:
Oru palarivattathu karane ithu ezhutan patu...
keep it up..!
Ho! enthoru mohamaanithu!
ezhuthinu nalla sakthiyum ozhukkum undu
പ്രളയ പയോധിയില്‍....
ശുഭാശംസകള്‍......
സന്തോഷം.ജോൺസൺ,മുകിൽ,സൌഗന്ധികം.
കൊള്ളം ഒടുക്കവും ഒടുക്കത്തിനു ശേഷമുള്ള തുടക്കവും ......ആശംസകള്‍
kollam pralayavum pralayathinumele pralayavum.....
Post a Comment