Monday, February 25, 2013

വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ


കണ്ണടച്ച്
തപസ്സ് ചെയ്ത്
മീൻ പിടിക്കാൻ
വിരുതനാണ് കൊറ്റി.
അതിനെ അനുകരിച്ച് ഞാനും
വെണ്ടുരുത്തിപ്പാലത്തിൽ
ചൂണ്ടയിട്ടു നിൽക്കെ
കുശലം പറഞ്ഞു വന്ന ഒരുത്തൻ
എന്നെ സാക്ഷിയാക്കി
പാലത്തിൽ നിന്നും
കായലിലേക്കെടുത്തു ചാടി.
എന്തു ചെയ്യണമെന്നറിയാതെ
വിഷമിച്ചുപോയ ഞാൻ
തൊണ്ടക്കുഴിയിൽ കുരുങ്ങിയ
ഒച്ചക്ക് വേണ്ടി വാ പൊളിക്കെ
വെള്ളത്തിൽ മുങ്ങി പൊങ്ങി
എനിക്ക് റ്റാറ്റയും തന്ന്
മാക്രിയെപ്പോലവൻ
നേരെ കടലിന്റെ
വായിലേക്കൊഴുകി.
അതു കണ്ടിട്ടെന്ന പോലെ
മദം പൊട്ടിയ
ഒരു യുദ്ധക്കപ്പൽ
കാളം മുഴക്കി
പാലത്തിനടുത്തേക്ക്
കുതിച്ചു വന്നു.
അതിന്റെ പീരങ്കിമുന
എനിക്ക് നേരെ തിരിഞ്ഞിരുന്നു.
നെഞ്ചിടിപ്പുമുട്ടി ശ്വാസം നിലച്ച
ആ നിമിഷത്തിൽത്തന്നെ
എന്റെ ചൂണ്ടയിൽ മീൻ കൊത്തി.
വെടിയുണ്ടകൾ
അമിട്ടു പൊട്ടുന്ന ഒച്ചയിൽ
ചീറിയടുക്കെ
നല്ല പച്ചമീൻ
കറിവച്ചു തിന്നാനുള്ള കൊതിയിൽ
ഒരു സ്വർണ്ണച്ചെമ്പല്ലിയെ
രണ്ടും കൽ‌പ്പിച്ച് ഞാൻ വലിച്ചു പൊക്കി.
പെട്ടന്ന് കരണ്ടു പോയ പോലെ
കണ്ണിലിരുട്ടു കേറ്റി
ആ സിനിമാസ്വപ്നം അവസാനിച്ചു.
ഇനി ഇതിന്റെ ബാക്കി ഭാഗങ്ങൾ
മറ്റൊരു മഹാസ്വപ്നത്തിൻ
വെള്ളിത്തിരയിൽ
പ്രത്യക്ഷപ്പെടുമായിരിക്കും.
അതിലായിരിക്കും
ജീവിതത്തിലെ
വഴിത്തിരിവ് കാണിക്കുന്ന
വിശ്വസിക്കാൻ പറ്റാത്ത കാര്യങ്ങൾ
സംഭവിക്കാൻ പോകുന്നത്.


5 comments:

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

എല്ലാം സ്വപ്നങ്ങള്‍ ..എങ്കിലും വിശ്വസിച്ചേ പറ്റൂ

സൗഗന്ധികം said...

ചൂണ്ടയുമായി വെണ്ടുരുത്തീൽ ചെന്നപ്പൊ, ദാണ്ടെ വരുന്നു  വെടിയുണ്ട..!! 
പണ്ടു പന്തളത്തു പോയ പോലെ..ഹ..ഹ..ഹ..

കവിത നന്നായി


ശുഭാശംസകൾ....

AnuRaj.Ks said...

കപ്പലിന് വരാന് കണ്ട സമയം....

ajith said...

ആഹഹഹ

ചില പുതുക്കവിതകള്‍ കണ്ട് തല മരവിച്ച് വരുമ്പോഴാണീ രസക്കവിത.

നന്നായി ഇഷ്ടപ്പെട്ടു

T.R.GEORGE said...

ആറങ്ങോട്ടുകര മുഹമ്മദ്‌,
സൗഗന്ധികം
Anu Raj
ajith എല്ലാവർക്കുമെന്റെ നന്ദി.