Saturday, July 20, 2013

നടക്കാത്ത കാര്യങ്ങൾ ഉണ്ടാക്കുന്ന വിധം

മഴമാത്രമല്ല
ഇടിവെട്ടും
വെടിക്കെട്ടു പോലെ
ആസ്വദിക്കണം.
ഇലവീഴാ പൂഞ്ചിറയിൽ മലമുടിയിൽ ചെല്ലണം.
കല്ലുരുട്ടിക്കേറ്റിയ കിറുക്കനെ ഓർത്ത്
പാറപ്പുറത്ത് കിടക്കണം.
ഓടിപ്പോകുന്ന കരിമേഘങ്ങളെ
ഒന്നട്ടഹസിച്ച് വിളിക്കണം.
കാട്ടാനകളായി ചിഹ്നം വിളിച്ച്
അവ തിരിഞ്ഞു വരുന്നത് കാണണം.
ഇടിവാളുകൾ
തുമ്പികൈകളായി ചുഴറ്റിയെറിയുമ്പോൾ
പ്രപഞ്ചത്തിൻ മംഗല മഹാശക്തിയെ അറിയണം.
ജീവനെ കാണിക്കവച്ച് തൊഴുതു വണങ്ങണം.
വീണ്ടും പൊട്ടി മുളച്ചവനെപ്പോലെ
അപ്പോൾത്തന്നെ ജനിക്കണം.
ഉഗ്രമൂർത്തിയായി
മലയിറങ്ങി താഴോട്ടു പോരണം.
ഒറ്റ നോട്ടത്തിൻ തീവ്രതയിൽ
തകർന്ന റോഡുകൾ നന്നാക്കണം.
കുന്നും കുളവും സർപ്പക്കാവുകളും നിർമ്മിക്കണം.
പകലിലും തിര്യക്കുകൾ മൂളുന്ന ഒച്ച കേൾപ്പിക്കണം.
താമരക്കോഴികൾ പാടുന്ന
വലിയ പാടങ്ങൾ ഉണ്ടാക്കണം.
നിലം പൊത്താറായ പാവങ്ങളുടെ വീടുകൾ
പുതുക്കിപ്പണിയണം.
തനിചെറ്റകളാ‍യ പൂത്തപണക്കാരെ പിച്ചക്കാരാക്കണം.
അനാവശ്യമായ സമ്പത്ത് ആവശ്യത്തിനു വേണ്ടി ഉപയോഗിക്കണം.
ഒരു ജാതി, ഒരു ദേശം കേരളമെന്ന
സമത്വ സുന്ദര സ്വപ്നം സാക്ഷാത്കരിക്കണം.
പിടിക്കപ്പെടുമെന്നാകുമ്പോൾ
മലമുടിയിലേക്കോടിക്കേറണം.
ജീമൂതങ്ങളിട്ടു തരുന്ന
മിന്നൽക്കയറിൽ തൂങ്ങിയാടണം.
ആടിയാടി ആയത്തിലാടി
ആകാശത്തിനുമപ്പുറത്തേക്ക് ചാടണം.
അനന്തതയിലേക്കൂളിയിട്ടു പറക്കണം.

5 comments:

സൗഗന്ധികം said...

എല്ലാം നടക്കാവുന്നതേയുള്ളൂ.വിചാരിച്ചാൽ.പക്ഷേ,ആ ഒരു ജാതി,ഒരു ദേശം സങ്കല്പമുണ്ടല്ലൊ.അതിമ്മിണി പാടാ നമ്മടെ സാക്ഷര കേരളത്തിൽ.!!
പോസിറ്റീവായി ചിന്തിക്കാനാണിഷ്ടം.പക്ഷേ,
ഇതോർക്കുമ്പോൾ തന്നെ ഭയമിരച്ചു കേറുന്നു.സമുദായ നേതാക്കളെല്ലാം കൂടി പുകച്ചു കളയും.പിന്നെ സങ്കൽപ്പിക്കാൻ ആളു ബാക്കി കാണില്ല.!!

നന്നായി എഴുതി.ഇഷ്ടമായി.


ശുഭാശംസകൾ...

T.R.GEORGE said...

സൗഗന്ധികം നന്ദി.നമ്മൾ തുല്ല്യ ദുഃഖിതർ.

ajith said...

എന്തു സുന്ദരമായ നടക്കാത്ത സ്വപ്നങ്ങള്‍

(‘ഈശ്വരനല്ല മാന്ത്രികനല്ല ഞാന്‍
പച്ചമണ്ണിന്‍ മനുഷ്യത്വമാണു ഞാന്‍”
എന്ന് പാടിയപ്പോള്‍ വയലാര്‍ ചിന്തിച്ചുകാണും നാളെ ഈ സ്വപ്നങ്ങളൊക്കെ ആ മനുഷ്യത്വമുള്ളവര്‍ സഫലമാക്കുമെന്ന്)

T.R.GEORGE said...

ഇരുട്ടു കട്ടപിടിച്ചൊരു ലോകം
ഒരുതരി വെട്ടം തേടുന്നൂ--എന്ന് അജിത് സർ എഴുതിയിട്ടുണ്ട്.അതു തന്നെ ഞാനും തേടുന്നു.അല്ലെങ്കിലും എഴുതുന്നവരെല്ല്ലാം ഒരേ ആകാരമുള്ള സൂചിമുഖി പക്ഷികളല്ലെ?നന്ദി സർ.

dj said...

Continue to write inspiring poems. Best wishes.
D. Sathyaseelan.