Tuesday, December 24, 2013

ഇല്ല്ല്ലാത്ത കാര്യങ്ങൾ ഉണ്ടാക്കുന്ന വിധം

കയ്യിൽ കാശില്ലെങ്കിൽ
പുറത്തു പോകാൻ തോന്നില്ല.
വെറുതെ മുഷിഞ്ഞ്
വീട്ടിൽത്തന്നെ കുത്തിയിരിക്കും.
മധുരമില്ലാത്ത കട്ടൻ ചായ
കഷായം പോലെ കുടിക്കും.
ഓന്തിന്റെ നിറം മാറുന്ന പോലെ
പകലിന്റെ നിറം മാറിയത് കാണും.
അങ്ങനെ ഒരു ദിവസം ആവിയാകും.
ഏതാണ്ട് ഈ നേരത്താണ്
ഉള്ളിലൊരു ചിരിപൊട്ടിയത്.
മദകടകത്തിന്റെ ചിരി.
അതവളായിരുന്നു കവിത.
അമ്പത്താറക്ഷരത്തിന്റെ അംഗവടിവുള്ളവൾ.
ഇടക്ക് വരാറുള്ളവൾ.
പലരും പങ്കുവയ്ക്കുന്നവൾ.
ചില്ലക്ഷരങ്ങൾകൊണ്ട്
അവളുടെ കൺ‌മുന മെടഞ്ഞിരിക്കുന്നു.
കെട്ടുവള്ളികൊണ്ട് മുടികെട്ടിയിരിക്കുന്നു.
ചന്ദ്രക്കലയും ‘ന’ യുംചേർന്നാൽ
അവളുടെ തടിച്ച ചുണ്ടാകും.
‘പ’ കൊണ്ട് പണിഞ്ഞ മൂക്കിന്റെ തടിപ്പാലം
നെറ്റിത്തടത്തിലേക്കുപോകുന്നു.
‘ള’ യുടെ ചുളുവിൽ നുണക്കുഴിവിരിയുന്നു.
മൊത്തത്തിൽ ‘ഉ’ വിന്റെആകാരഭംഗി മുഖത്തിന്.
‘മ’ യുടെ മാർദ്ദവം മുഴുവൻ മുലയിലുണ്ട്.
കാറ്റിന്റെ കൈകൾക്ക് തഴുകാൻ പാകത്തിൽ.
‘ധ’ ചിഹ്നത്തിൽ നിതംബംതുള്ളുമ്പോൾ
ചെമ്പരത്തിപ്പൂവിന്റെനിറത്തിൽ
 ‘ഋ’ എന്ന അക്ഷരം മുന്നിലൊളിക്കും.
അതു കാണുന്നതോടെ
ഏതു ഭാവനയും പെട്ടന്നുദ്ധരിക്കും.
കടലാസിന്റെ കട്ടിലിൽ പിടിച്ചു കിടത്തും.
പേനകൊണ്ട് വരയാൻ തുടങ്ങും.
അതു തന്നെ ഞാനും ചെയ്തതും
അടുക്കളയിൽ നിന്നും മറ്റേ മാരണം
വിളിച്ചു പറഞ്ഞു.
“ഉപ്പില്ല,മുളകില്ല,അത്താഴത്തിന് അരിയില്ല”
ഞാൻ അനങ്ങാൻ പോയില്ല
ഇരുന്നിടത്തു തന്നെയിരുന്നു.
കുറച്ചു കഴിഞ്ഞ് ഒച്ചപ്പാട് തീർന്നപ്പോൾ
സന്ധ്യയ്ക്ക് വിളക്കുംകൊളുത്തി
പതിവായി വരാറുള്ള ഹെലികൊപ്‌‌റ്റർ വന്നു.
പുറത്തേക്കിറങ്ങി ഓടണമെന്നുതോന്നി.
അപ്പോൾ അതാ വരുന്നു കുറെകൊതുകുകൾ.
അതേ ശബ്ദത്തിൽ മൂളികൊണ്ട്.
അവ എന്റെ ശരീരത്തിന്റെ
പല ഭാഗത്തും വന്നിറങ്ങി
ഇന്ധനം നിറക്കാൻ തുടങ്ങി.
ഞാൻ അനങ്ങാതെ കടിച്ച് പിടിച്ച് ഇരുന്നു കൊടുത്തു.
ഓരോ കൊതുകും സന്തോഷത്തോടെ
ചോര കുടിച്ചു കുടവയറാന്മാരായി
പറക്കാൻ കഴിയാതെ നിലത്തിരുന്നിഴഞ്ഞു.
പൊടുന്നനെ ഒരു പല്ലി ഗറില്ലയെപ്പോലെ
പ്രത്യക്ഷപ്പെട്ടു.
ഒറ്റയടിക്ക് എല്ലാത്തിനേം ശാപ്പിട്ട്
അവൻ വന്നപോലെ മറഞ്ഞു.
പക്കാ ക്രിമിനലായ അവനെത്തന്നെയോർത്ത്
കൈകാലിളകി കരയുന്ന കസേരയിൽ
ഇരുന്നു ഞാനുറങ്ങി.
ഉറക്കത്തിൽ സമൃദ്ധമായിഭക്ഷണം കഴിക്കുന്നത്
സ്വപ്നം കണ്ടു.
ഫ്രോയിഡമ്മാവനു നന്ദിപറഞ്ഞു.
രാവിലെ എഴുന്നേറ്റപ്പോൾ
സൂര്യനെത്തന്നെ കണികണ്ടു.
ഇന്നു ശുക്രനായിരിക്കുമെന്ന്കരുതി.
ഒരു തച്ചു പണി അതെവിടെകിട്ടും?
ബോട്ടുകേറാൻ കടവത്തു ചെന്നപ്പോൾ
ചായക്കടയിൽ പുട്ടും അപ്പവുംചുട്ടു വച്ചിരിക്കുന്നു.
കടലക്കറി താളിച്ച മണം
മൂക്കിലേക്കടിച്ചു കയറുന്നു.
ഒരു കുടം വെള്ളം വയറ്റിലേക്കൊഴിച്ചപോലെ
ഉമിനീർ ഗ്രന്ഥി സ്കലിച്ചു.
കാലിയായ പോക്കറ്റിനെ പ്രതി
കത്തലടങ്ങാതെ ബോട്ടിലിരിക്കുമ്പോൾ
വിശന്നു പൊരിഞ്ഞ് കാട്ടിൽനിന്നും
നാട്ടിലേക്കിറങ്ങുന്നപുലിയെക്കുറിച്ചോർത്തു.
ആ ഓർമ്മയിൽ ഒന്നു മയങ്ങി കണ്ണൂ തുറന്നപ്പോൾ
ചില്ലിത്തെങ്ങിന്റെ പൊക്കമുള്ള
ഒരു പടുകൂറ്റൻ ഉല്ലാസക്കപ്പൽ
ബോട്ടിന്റെ തൊട്ടു മുന്നിൽ.
സർപ്പഫണമുള്ള ജലനാളികളെ
ഇളക്കിമറിച്ചതു നീങ്ങുന്നു.
പെട്ടന്ന് വലിയൊരു തിരബോട്ടിലേക്കടിച്ചു കയറി.
ബോട്ട് കമഴ്ന്നു മറിഞ്ഞു.
കൂട്ടനിലവിളി ഉയർന്നു.
പക്ഷെ ഒന്നും സംഭവിച്ചില്ല.
അല്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ
ഇങ്ങനെയിപ്പോളെഴുതാൻ പറ്റുമോ?
മുകളിൽ തലക്കെട്ടിന്റെഅർത്ഥം പൂരിപ്പിക്കാൻ പറ്റുമോ?

9 comments:

സൗഗന്ധികം said...

അങ്ങനങ്ങു പോകാൻ വരട്ടെ.കവിതയിലെ ചിലതൊക്കെ ഒള്ളതാ കേട്ടാ..

നല്ല കവിത

സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു

ശുഭാശം സകൾ...

ajith said...

കുത്തിക്കുറിച്ച്കുകൊണ്ടങ്ങിരുന്നാല്‍........

കൊള്ളാം കേട്ടോ!!

ബൈജു മണിയങ്കാല said...

ഒന്നും ഇല്ലാത്തവന് മിനിമം പ്രതീക്ഷ വേണം കവിത ഉള്ളവന് ജീവിതം ഒഴിച്ച് മിക്കവാറും എല്ലാം കാണും ..നല്ല കവിത

AnuRaj.Ks said...

Kadukayariya bhavana..

T.R.GEORGE said...

നന്ദി. സൗഗന്ധികം, ajith, ബൈജു മണിയങ്കാല, Anu Raj .

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ചില്ലക്ഷരങ്ങൾകൊണ്ട്
അവളുടെ കൺ‌മുന മെടഞ്ഞിരിക്കുന്നു.
കെട്ടുവള്ളികൊണ്ട് മുടികെട്ടിയിരിക്കുന്നു...
ചില വരികള്‍ ഏറെ മനോഹരം. കവിത രസകരവും അര്‍ത്ഥപൂര്‍ണ്ണമായതും..

Sangeeth K said...

നന്നായെഴുതി.... :-)

T.R.GEORGE said...

മുഹമ്മദ്‌ ആറങ്ങോട്ടുകര, Sangeeth നന്ദി

T.R.GEORGE said...

സൗഗന്ധികം, Anu Raj, ബൈജു മണിയങ്കാല ...പ്രിയരേ..നന്ദി